Breaking

മമ്മൂട്ടി ബോക്സോഫീസ് ഭരിക്കുന്നു!

മമ്മൂട്ടിയുടെ ഭരണകാലമാണ് ഇപ്പോള്‍ മലയാള സിനിമയുടെ ക്രിസ്മസ് ബോക്സോഫീസില്‍. മാസ്റ്റര്‍പീസ് എന്ന മരണമാസ് ചിത്രത്തിന്‍റെ കളക്ഷന്‍ അഞ്ചുദിവസങ്ങള്‍ കൊണ്ട് 21 കോടി കടന്നു. ക്രിസ്മസ് ദിനത്തില്‍ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് വാരിക്കൂട്ടിയത്.   സമീപകാലത്ത് ഇത്രയും ഗംഭീരമായ ഒരു സ്വീകരണം ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ല. തിയേറ്ററുകള്‍ ജനസമുദ്രമാകുമ്പോള്‍ ക്രിസ്മസ് റിലീസുകളില്‍ എല്ലാ സിനിമകളെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍.   ആദ്യദിനത്തില്‍ 5.11 കോടിയാണ് മാസ്റ്റര്‍പീസ് കളക്ഷന്‍ നേടിയത്. രണ്ടാം ദിനം മൂന്നുകോടി, മൂന്നാമത്തെ ദിവസം നാലുകോടി എന്നിങ്ങനെയാണ് കളക്ഷന്‍. നാലാം ദിനത്തില്‍ മൂന്നുകോടി കളക്ഷന്‍ നേടിയ ചിത്രം അഞ്ചും ആറും ദിനങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ പണം വാരുക തന്നെ ചെയ്തു. ആറുദിവസത്തെ കളക്ഷന്‍ 21.6 കോടിയെന്നാണ് ലഭിക്കുന്ന വിവരം.   ഉദയ്കൃഷ്ണയുടെ തൂലികയില്‍ നിന്നുണ്ടായത് പുലിമുരുകനെയും വെല്ലുന്ന ഒരു മാസ് ഐറ്റമാണെന്ന് തിരിച്ചറിഞ്ഞ മമ്മൂട്ടി ആരാധകര്‍ കേരളത്തിലങ്ങോളമിങ്ങോളം തിയേറ്ററുകളില്‍ ഉത്സവം ആഘോഷിക്കുകയാണ്. എഡ്ഡിയുടെ സ്റ്റൈലും ആക്ഷനും നില്‍പ്പും നടപ്പുമെല്ലാം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വിധത്തിലാണ് സംവിധായകന്‍ അജയ് വാസുദേവ് ഒരുക്കിയിരിക്കുന്നത്.   ഇനി കുറച്ചുകാലത്തേക്ക് മാസ്റ്റര്‍പീസിനെ വെല്ലുന്ന കളക്ഷന്‍ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കണമെങ്കില്‍ അത് അസാധാരണമായ പ്രകടനം കൊണ്ടുമാത്രം സാധ്യമാകുന്ന വിധം അനുപമമാണ് ഈ മാസ് പടത്തിന്‍റെ കുതിപ്പ്. ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിക്ക് ലക്ഷണമൊത്ത ഒരു മെഗാഹിറ്റ് ലഭിക്കുമ്പോള്‍ അത് സിനിമാ ഇന്‍ഡസ്ട്രിയെത്തന്നെ ഉണര്‍ത്തിയിരിക്കുകയാണ്.   ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടി ക്ലബിലെത്തുമെന്ന് തീര്‍ച്ചയാണ്. മാസ്റ്റര്‍പീസ് ആയിരിക്കുമോ 100 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ മമ്മൂട്ടിച്ചിത്രം? കാത്തിരിക്കാം.


No comments:

Powered by Blogger.