ആയിരം റണ്‍സടിച്ച അത്ഭുത ബാലന്‍ പ്രണവ് ധനവാഡെ കളി നിര്‍ത്തി
ക്രിക്കറ്റില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട അത്ഭുത ഇന്ത്യന്‍ ബാലന്‍ പ്രണവ് ധനവാഡെ ക്രിക്കറ്റ് കളി നിര്‍ത്തി. കഴിഞ്ഞ ഒന്നര വര്‍ഷമായി ബാറ്റിംഗില്‍ ഫോം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്രണവ് താല്‍ക്കാലികമായി കളി മതിയാക്കുന്നത്. ആയിരം റണ്‍സ് റെക്കോര്‍ഡ് നേടിയതിന് പിന്നാലെ പ്രണവിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ 10,000 രൂപ പ്രതിമാസ സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. ഈ സ്‌കോളര്‍ഷിപ്പ് തിരികെ നല്‍കുന്നതായും എംസിഎയ്ക്ക് അയച്ച കത്തില്‍ പ്രണവിന്റെ അച്ഛന്‍ വ്യക്തമാക്കി.ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഈ വര്‍ഷം ആദ്യം പ്രണവ് തകര്‍ത്തത്. 323 പന്തില്‍ നിന്ന് 59 സിക്സറുകളും 129 ഫോറുകളും അടക്കം 1009 റണ്‍സായിരുന്നു പ്രണവ് നേടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ 1000 റണ്‍സ് മറ്റാരും നേടിയിട്ടില്ല . മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച എച്ച്ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പ്രണവ് റെക്കോര്‍ഡ് തകര്‍ത്തത്. കല്യാണ്‍ കെസി ഗാന്ധി സ്‌കൂളും ആര്യ ഗുരുകുല സ്‌കൂളും തമ്മിലായിരുന്നു മത്സരം. ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ എംസിഎ അണ്ടര്‍ 16 ടീമില്‍നിന്ന് പ്രണവിനെ ഒഴിവാക്കിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ കാണാന്‍ പ്രണവ് ബാംഗ്‌ളൂരില്‍ പോയിരുന്നു. എന്നാല്‍, അവിടുന്ന് കോണ്‍ഫിഡന്‍സ് നഷ്ടപ്പെട്ടാണ് പ്രണവ് നാട്ടിലേക്ക് മടങ്ങിയത്. മീഡിയാ അറ്റെന്‍ഷന്റെ കൂടുതല്‍ കൊണ്ട് പ്രണവിന് ഫോക്കസ് നഷ്ടപ്പെട്ട് പോയെന്നാണ് അദ്ദേഹത്തിന്റെ പരിശീലകന്‍ മൊബിന്‍ ഷെയ്ക്ക് പറഞ്ഞു. പ്രണവിന്റെ ഫോം വീണ്ടെടുക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും തങ്ങളാല്‍ കഴിയുന്നത് എല്ലാം ചെയ്യുന്നുണ്ടെന്നും പരിശീലകന്‍ പറഞ്ഞു.
No comments: