കൊച്ചിയിലൂടെ ഒരു രാത്രിയും രണ്ടു പകലും; തുറിച്ചുനോട്ടങ്ങള്‍ക്കും അശ്ലീല കമന്‍റുകള്‍ക്കും ഇടയിലൂടെ ആ പെണ്‍കുട്ടി
കൊച്ചിയുടെ നിരത്തിലൂടെ ഒരു രാത്രിയും രണ്ടു പകലുകളുമാണ് ഭാനുപ്രിയ നടന്നത്. ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് നടന്നതെങ്കിലും അവള്‍ക്ക് നേരിടേണ്ടി വന്നത് തുറിച്ചുനോട്ടങ്ങളും അശ്ലീല പദപ്രയോഗങ്ങളുമാണ്.കൊച്ചിയിലൂടെയുള്ള ഒരു യാത്ര എന്ന നിലയ്ക്കാണ് അഭിലാഷ് മുല്ലശ്ശേരിയും സുഭാഷ് മന്ത്രയും ഈ ഫോട്ടോഷൂട്ട് നടത്തിയത്. ആയിരത്തിലേറെ ചിത്രങ്ങള്‍ അവര്‍ പകര്‍ത്തിയെങ്കിലും 15 എണ്ണമെ പുറത്തുവിട്ടിട്ടുള്ളു. പെണ്ണിന് നേരെയുള്ള നോട്ടങ്ങളെ, അവളോടുള്ള മനോഭാവത്തെയൊക്കെ മറനീക്കി പുറത്തുകൊണ്ടു വന്നവയായിരുന്നു ഈ ഫോട്ടോഷൂട്ട്.വൊയേജ് ഓഫ് ടൈം എന്ന പേരില്‍ ഭാനുപ്രിയയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.തന്റെ യാത്രയെക്കുറിച്ച് ഭാനുപ്രിയ പറയുന്നത് ഇങ്ങനെ എന്റെ ചെറിയൊരു യാത്രയുടെ തുടക്കമെന്നോണമാണ് ‘voyage of time’ ടൈറ്റിലോടു കൂടി പോസ്റ്റ് ചെയ്തിട്ടുള്ള ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.ഓരോ ഫോട്ടോയ്ക്കും പറഞ്ഞു വയ്ക്കാന്‍ ഓരോ അനുഭവങ്ങള്‍ ഒരു രാത്രിയും, രണ്ടു പകലും കൊണ്ടെടുത്ത ഈ ഫോട്ടോ ഷൂട്ടിലൂടെ എനിക്കുണ്ടായിരുന്നു. കൃത്യമായ ആശയത്തോടെ തന്നെയായിരുന്നു ഇത് ഡിസൈന്‍ ചെയ്തു പറഞ്ഞു വയക്കുന്നത്.നഗരമധ്യത്തിലും, ഗ്രാമത്തിലും, രാത്രിയിലെ തിരക്കിനിടയിലുമൊക്കെയായി നടത്തിയ ഷൂട്ടില്‍ അത്രയൊന്നും പരിചയമില്ലാത്ത, ഒച്ചയൊന്നുമില്ലാത്ത ഒരു സ്ത്രീയുടെ യാത്രയെ തന്നെയാണ് അതിന്റെ ടൈറ്റില്‍ തരുന്ന ആശയത്തോടു കൂടി അവതരിപ്പിക്കുന്നത്.യാത്രകള്‍ ഒറ്റക്കും, കൂട്ടമായും ചെയ്യാറുണ്ടെങ്കിലും അതിലുണ്ടാകുന്ന ആശങ്കകള്‍ എനിക്ക് പലതാണ്.അത് തന്നെയാണ് ഇതിലും പറഞ്ഞു വച്ചതും. കൊച്ചിയെനിക്ക് പരിചയമല്ല. ഷൂട്ടാണെങ്കിലും കൈയ്യില്‍ ഒന്നുമില്ലാതെ ആള്‍കൂട്ടത്തിനിടയില്‍ നിന്നപ്പോ, കണ്‍മുന്നില്‍ നിന്ന് ഫോട്ടോഗ്രാഫറെയും, ഡയറക്ടറെയും കാണാതായപ്പോ, ആ ഒറ്റപ്പെടലില്‍ പലരും പല രീതിയില്‍ വന്നെന്നോട് മിണ്ടിയപ്പോ എവിടെയോ ചോര്‍ന്നൊരു ധൈര്യം, ചിരിച്ചു കൊണ്ട് തിരിച്ചു മിണ്ടി തിരിച്ചെടുത്തപ്പോ കിട്ടിയ സമാധാനവും ഒക്കെ ഈ ഫോട്ടോഷൂട്ട് ആദ്യാനുഭവമെന്ന രീതിയില്‍ എന്നെ സംബന്ധിച്ച് വളരെ വലുതാണ്.
No comments: