പിഴവില്ലാത്ത പാസുകള്‍; ചടുല നീക്കങ്ങള്‍: 20കാരന്‍ പയ്യന്‍ തകര്‍ത്തു
ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് മധ്യനിരയില്‍ ഭാവനാ സമ്പന്നനായൊരു താരത്തിന്റെ അഭാവം എല്ലാ മത്സരങ്ങളിലും നിഴലിച്ചിരുന്നു. സൂപ്പര്‍ താരം ബെര്‍ബറ്റോവിനെ ആ പണി ഏല്‍പ്പിക്കാന്‍ മ്യൂലന്‍സ്റ്റീന്‍ നോക്കിയിരുന്നെങ്കിലും പണി പാളിപ്പോയി. എന്നാല്‍, ആ കുറവ് നികത്താന്‍ ഒരു താരമെത്തിയിരിക്കുന്നു.പൂനെയുമായുള്ള മത്സരത്തില്‍ രണ്ടാം പകുതിക്കു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ കളിയഴക് മാറിയിട്ടുണ്ടെങ്കില്‍ അത് ഈപറഞ്ഞ താരത്തിന്റെ വരവാണ്. കെസിറോണ്‍ കിസിറ്റോ. ഉഗാണ്ടക്കാരനായ 20 കാരന്‍ പയ്യന്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര അടക്കിവാണു. പിഴവില്ലാത്ത പാസുകളും ചടുലമായ നീക്കങ്ങളുമായി മധ്യനിരക്ക് പുതിയ ഊര്‍ജമാകുകയായിരുന്നു കിസിറ്റോ. കൃത്യമായ നീക്കങ്ങളിലൂടെ പുനെ ഗോള്‍മുഖത്തേക്ക് കിസിറ്റോ നിരന്തരം പന്തുകളെത്തിച്ചു. ഡീപ്പിലും ഹാഫിലും തിളങ്ങി. ഫിനിഷിങ്ങില്‍ മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ കേരളത്തിന് ജയിക്കാമായിരുന്നുവെന്ന് വരെ പറയാം. 56ാം മിനിറ്റില്‍ കിസിറ്റോ ബോക്‌സിലേക്ക് നീട്ടിയ പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ സിഫ്‌നിയോസിനായില്ല. കെനിയന്‍ ക്ലബ്ബ് എഎഫ്‌സി ലെപ്പേഡ്‌സില്‍ നിന്നാണ് ഉഗാണ്ടന്‍ ദേശീയ ടീമിനും വൈപ്പര്‍ എസ് സിക്കും കളിച്ചിട്ടുള്ള താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്.

No comments: